ആംസ്റ്റര്‍ഡാം (നെതര്‍ലന്‍ഡ്സ്): എഫ്ഐഎച്ച് പുരുഷ-വനിതാ ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റിന് ഇന്നു തുടക്കം. ബെല്‍ജിയം, നെതര്‍ലന്‍ഡ്സ് രാജ്യങ്ങള്‍ സംയുക്തമായാണ് ഇത്തവണ ലോകകപ്പ് ഹോക്കിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ബെല്‍ജിയത്തിലെ വാവെര്, നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം എന്നിവയാണ് വേദികള്‍. ജര്‍മനിയാണ് നിലവിലെ പുരുഷ ചാമ്പ്യന്മാര്. ബെല്‍ജിയം റണ്ണര്‍അപ്പും നെതര്‍ലന്‍ഡ്സ് മൂന്നാം സ്ഥാനക്കാരും. കഴിഞ്ഞ തവണ (2023) ആതിഥേയരായിരുന്ന ഇന്ത്യ, 10-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഇന്ത്യയുടെ പുരുഷ-വനിതാ ടീമിന്റെ മത്സരങ്ങള്‍ ആംസ്റ്റര്‍ഡാമിലാണ്. ഇന്ത്യന്‍ പുരുഷ ടീം ഒരു തവണ മാത്രമാണ് ലോകകപ്പ് സ്വന്തമാക്കിയത്, 1975ല്‍. അതേസമയം, വനിതകള്‍ക്ക് ഇതുവരെ ലോക ട്രോഫിയില്‍ ചുംബിക്കാന്‍ സാധിച്ചിട്ടില്ല.
ജിയൊഹോട്ട്സ്റ്റാര് ലൈവ് സ്ട്രീമിംഗ് നടക്കും. സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് 2, സ്റ്റാര്‍ സ്പോര്‍ട്സ് ഖേല്‍, ഡിഡി സ്പോര്‍ട്സ് ചാനലുകളിലും ലോകകപ്പ് ഹോക്കി മത്സരങ്ങള്‍ ലഭ്യമാണ്.
ഇന്ത്യ x പാക്
പുരുഷ വിഭാഗത്തില്‍ പൂള് ഡിയില്‍ ഇന്ത്യക്കൊപ്പമുള്ളത് ഇംഗ്ലണ്ട്, പാക്കിസ്ഥാന്, വെയ്ൽസ് ടീമുകള്‍. വെയ്ൽസിന് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം ഇന്നു വൈകുന്നേരം 4.30നാണ് ഈ പോരാട്ടം. 17ന് വൈകുന്നേരം 6.30ന് ഇംഗ്ലണ്ടിനെയും ഇന്ത്യ നേരിടും. ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം 19നു വൈകുന്നേരം 6.30നാണ്.
വനിതകള്‍ നാളെ
ഇന്ത്യന്‍ വനിതാ ടീമിന്റെ മത്സരങ്ങള്‍ നാളെ മുതലാണ്. നെതര്‍ലന്‍ഡ്സ് ആണ് നിലവിലെ ചാമ്പ്യന്മാര്. അര്‍ജന്റീന റണ്ണര്‍അപ്പും ഓസ്ട്രേലിയ മൂന്നാം സ്ഥാനക്കാരും.
പൂള് ഡിയില്‍ ചൈന, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യന്‍ വനിതകള്‍. ഇന്ത്യന്‍ സമയം നാളെ വൈകുന്നേരം 4.30ന് ചൈനയ്ക്ക് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 18ന് ദക്ഷിണാഫ്രിക്കയെയും (6.30 pm) 20ന് ഇംഗ്ലണ്ടിനെയും (6.30 pm) ഇന്ത്യ നേരിടും.